അന്ന് വെളിച്ചത്തിനെ പൊതിഞ്ഞ് ഇരുട്ടുണ്ട്. ചുവന്ന, മിനുസമുള്ള, തിളങ്ങുന്ന കാവിയുടെ നിറം. ആ നിറം അടുക്കളയാകെ പടരും. കൊട്ടത്തളത്തില്‍ കൂരിരുട്ടാണ്. നേരിയ വെളിച്ചം ശ്വസിക്കുന്ന സ്വര്‍ണ്ണനിറമുള്ള ഓട്ടുകിണ്ടി ചെരിച്ച് ഇരുട്ടിലേയ്ക്ക് കൈ കഴുകാം. അടുപ്പിലെ തീ നിറം നിലത്തെ ചുവപ്പില്‍നിന്ന് ഉദിക്കുന്നതുപോലെ. ചില്ലോടുകളില്‍നിന്ന് വരുന്ന സൂര്യവെളിച്ചത്തിന്റെ മഞ്ഞകൂടി ചുവന്ന കാവിയിലും തീ നിറത്തിലും ചേരുമ്പോള്‍ പ്രഭാതമോ സന്ധ്യയോ എന്നറിയില്ല. കുമാരനാശാന്റെ കരുണയില്‍ വാസവദത്ത അശോകമരച്ചുവട്ടിലിരിക്കുമ്പോള്‍ സൂര്യന്‍ ചൊരിഞ്ഞ സായാഹ്നത്തിലേയ്ക്ക് മറ്റു ചില സന്ധ്യകള്‍ ഒഴുകി കയറുന്നതുപോലെ. ഓര്‍മകള്‍ എല്ലാം തെറ്റായിരിക്കും: ഇങ്ങനെ ലൂയിസ് ബുനൂവല്‍ എഴുതിയിരുന്നു. സാരമില്ല. ആദ്യമായി അടദോശ ഉണ്ടാക്കുന്നത് കണ്ടത് ഈ അടുക്കളയിലാണ്. നോക്കിയിരിക്കും. കല്ലില്‍നിന്ന് പൊട്ടിച്ചെടുത്ത് സാരിയില്‍ അമര്‍ത്തി ചൂടാറ്റിത്തരും. സാരിയുടേയും അടയുടേയും മണം കുറേ കാലത്തേയ്ക്ക് നീണ്ടു നില്‍ക്കും. സാരിയുടേയും അടയുടേയും നിറം വാസവദത്ത ഏറ്റ നിറക്കൂട്ടിനേക്കാള്‍ സങ്കീര്‍ണ്ണവും സാന്ദ്രവുമാകും. അടുക്കളയും അടയും സാരിയും മന്നിയും മാമിയും ചുവന്...