ഒക്കത്തെടുത്ത് വളര്‍ത്തിയത് അമ്മിണിയോപ്പോളായിരുന്നു. ചെറിയമ്മതന്നെ പറഞ്ഞതാണ്. പറഞ്ഞപ്പോള്‍ മങ്ങിയ ഓര്‍മ്മ ഒന്ന് മിന്നി. അമ്മിണിയോപ്പോള്‍ കൗമാരം ചിലവിട്ടത് ഞങ്ങളുടെ വീട്ടിലായിരുന്നു. 'കല്യാണം കഴിക്കാന്‍ പോകുകയാണ്, പോയിവരട്ടെ?' പോകുമ്പോള്‍ അനുവാദം ചോദിച്ചു. അമ്മയുടെ ഒക്കത്തിരുന്ന് ഞാന്‍ പറഞ്ഞു, 'മിണ്ടില്ല.' ആ പരിഭവം ചെറിയമ്മയ്ക്ക് മറക്കാനായില്ല. കാണുമ്പോഴൊക്കെ മാപ്പു ചോദിക്കുന്നതുപോലെ നോക്കും. അവസാനമായി ഒന്ന് കാണണം, സ്‌ട്രോക്ക് വരുന്നതിന് മുന്‍പ്, എന്ന് അമ്മിണിയോപ്പോള്‍ ആഗ്രഹിച്ചിരുന്നു. കോവിഡ് 19 ആ കൂടിക്കാഴ്ച ഇല്ലാതാക്കി. മുരളീകൃഷ്ണനുമായുള്ള, ജ്യേഷ്ഠന്‍, ഊഷ്മളനിമിഷങ്ങള്‍ യാത്രകളിലാണ് പതിവ്. കുടുംബബന്ധം സൂക്ഷിക്കാത്ത ഞാന്‍ വിരളമായി ചില കുടുംബപരിപാടികളില്‍ പങ്കുചേരുന്നത് ഈ സഹോദരസൗഹൃദം നുകരാനാണ്. വിചാരങ്ങള്‍ തത്സമയം വായിക്കാറുള്ള ശര്‍മിള ചോദിച്ചതേയുള്ളൂ, 'ഇപ്പോള്‍ കുറേയായില്ലേ മുരളീകൃഷ്ണനോടൊപ്പം യാത്ര ചെയ്തിട്ട്'. നിത്യഭാവനകളില്‍ അമ്മ സ്ഥിരസാന്നിധ്യമാണ്. അമ്മയുടെ ഒരു വലിയ അംശമാണ് അമ്മിണിയോപ്പോള്‍. അമ്മ ശര്‍മിളയോടാണ് സംസാരിക്കുക. ഞാന്‍ ദിവാസ്വപ്‌നങ്ങളില്‍ നനയാതെ ...