മാസ്‌റ്റേഴ്‌സിന്റെ സിനിമള്‍ കണ്ടും പൂനാ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചും കെ.ജി.ജോര്‍ജ് സിനിമയെ ഉപാസിച്ചിരുന്ന കാലം. അക്കാലത്ത് മലയാളസിനിമ സ്വരൂപവും സ്വഭാവവും ആര്‍ജിച്ചു കഴിഞ്ഞിരുന്നു. ജോര്‍ജിന് മുന്‍പില്‍ രണ്ടു വഴികളായിരുന്നു. ഇഷ്ടവും പരിചയവും ഉള്ള, അതുവരെ പഠിച്ച, ദൃശ്യഭാഷയില്‍ സിനിമ എടുക്കുക. അല്ലെങ്കില്‍ മലയാള സിനിമയുടെ തനതായ രീതിയോട് പൊരുത്തപ്പെടുക. ഉത്തരമുള്ള ചോദ്യങ്ങളില്ല. എവിടേയ്ക്ക് തുറക്കുമെന്നറിയാത്ത കുറേ വാതിലുകള്‍ മാത്രം. അവസാനം അദ്ദേഹം രണ്ടു രീതിയിലും സിനിമയെടുത്തു. തനി മലയാള സിനിമകള്‍ മുതല്‍ പരീക്ഷണ സിനിമകള്‍ വരെ. തരമേതായാലും കെ.ജി.ജോര്‍ജ് എന്ന സംവിധായകന്റെ കര്‍ത്തൃമുദ്ര അവയിലെല്ലാം പതിഞ്ഞു. ഫിലിം ഇന്‍സ്റ്റ്യൂട്ടിലെ പാഠമനുസരിച്ച് സിനിമയില്‍ സംഗീതം അനിവാര്യമല്ല. സംഗീതം ഒരു ദൃശ്യമല്ലല്ലോ. സിനിമയില്‍ പാട്ട് ഇഷ്ടമല്ല എന്ന തുറന്നു പറച്ചില്‍ 'ഫ്‌ളാഷ്ബാക്ക്, എന്റേയും സിനിമയുടേയും' എന്ന അദ്ദേഹത്തിന്റെ ആത്മകഥയില്‍ കാണാം. പക്ഷെ അക്കാലത്തെ സിനിമകളിലെല്ലാം ധാരാളം പാട്ടുകളുണ്ടായിരുന്നു. നല്ല...