ജരാനരയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അത് മറ്റാര്‍ക്കോ പറ്റുന്ന അപകടമായാണ് കുട്ടിക്കാലത്ത് തോന്നിയിട്ടുണ്ടാവുക. വര്‍ഷങ്ങള്‍ കഴിഞ്ഞ്, അവിശ്വസനീയമായാണ് നമ്മെ പ്രായം ബാധിക്കുക. പ്രായമാവല്‍ ഒരു അവസ്ഥയല്ല, സംഭവങ്ങളുടെ ഒരു ശൃംഖലയാണ്. പെട്ടെന്ന് അട്ടിമറിയുന്നതുപോലെയുള്ള രൂപാന്തരപ്പെടലുകള്‍. പുറത്തുനിന്നു നോക്കുമ്പോള്‍ പ്രായമാവുന്നത് ക്രമത്തില്‍ പതുക്കെയാണ്. വാസ്തവവും അതുതന്നെയാവാം. അനുഭവിക്കുന്ന ആള്‍ക്ക് പ്രായം ബാധിക്കല്‍ പെട്ടെന്നാണ്. 65 വയസ്സാകുമ്പോള്‍ 45 വയസ്സായതിനേക്കാള്‍ 20 വയസ്സ് കൂടുകയല്ല, കാര്യങ്ങള്‍ അപ്രതീക്ഷിതമായി മാറുകയാണ്. നമ്മള്‍ ഓരോരുത്തരും പല വ്യക്തികളുടെ കൂട്ടത്തില്‍ പെടുന്ന ഒരു വെറും വ്യക്തിയല്ല. സ്വന്തം കഥയും ചരിത്രവുമുള്ള, മനുഷ്യന്റേതായ പ്രത്യേകതകളുള്ള, വ്യക്തിയാണ്. ആ വ്യക്തിയുടെ ജീവിച്ചിരിക്കല്‍ എന്ന ബോധ്യത്തെ ആകെ ബാധിക്കുന്ന മാറ്റമാണ് വാര്‍ദ്ധക്യം. ജീവിക്കലിനകത്തെ ഒരു സ്ഥിതിവിശേഷത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു സ്ഥിതിവിശേഷത്തിലേയ്ക്കുള്ള രൂപാന്തരപ്പെടല്‍. അതുകൊണ്ടുതന്...