രാഗം എന്ന സങ്കല്‍പ്പനമാണ് ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തെ മറ്റു സംഗീതങ്ങളില്‍നിന്ന് വേര്‍തിരിക്കുന്നത്. ഈ സങ്കല്‍പ്പനം ഉത്ഭവിച്ചത് ഏതെങ്കിലും പ്രത്യേക രാജ്യാതിര്‍ത്തിക്കുള്ളില്‍വെച്ചല്ല. മറിച്ച്, സംഗീതാഭിരുചികള്‍ പൊതുവായി പങ്കുവെയ്ക്കാനിടയായ ഒരു മേഖലയില്‍നിന്ന് രൂപംകൊണ്ടതാണ്. രാജ്യാതിര്‍ത്തികള്‍ക്ക് കുറുകെ നിലനിന്ന സംഗീതമേഖലയില്‍നിന്ന് സംഗീതശൈലികള്‍ വളരുകയും പടരുകയും ചെയ്തതിന്റെ ഫലമായി. ദീര്‍ഘകാലത്തെ സാംസ്‌കാരികമായ കൊടുക്കല്‍വാങ്ങലില്‍നിന്നാണ് ഒരു സംഗീതമേഖല രൂപപ്പെടുന്നത്. അവിടെ നിലനിന്ന പല തരം സംഗീതങ്ങള്‍ക്ക് പൊതുവായ ഒരു സങ്കല്‍പ്പനമുണ്ടാകാം. അത്തരം ഒരു സങ്കല്‍പ്പനം വികസിച്ച് സമ്പന്നമായതാണ് രാഗം. ഇതിന്റെ വേരുകള്‍ കാണാന്‍ കഴിയുക ഇന്ത്യ, ഇറാന്‍, അറേബ്യ, എന്നീ രാജ്യങ്ങളിലൂടെ വ്യാപിച്ചുകിടന്ന ഒരു സംഗീതമേഖലയിലാണ്. മഖം (maqam) എന്ന ഗാനരൂപം ഒരു ക്ലാസിക്കല്‍ സംഗീതമായി പന്ത്രണ്ടാം നൂറ്റാണ്ടോടെ ഇറാന്‍-അറബ് മേഖലയില്‍ രൂപപ്പെട്ടിരുന്നു. പ്രാഥമികമായ മെലഡിക് ഘടനകളെ സൂചിപ്പിക്കുന്ന മൊഖമാറ്റ് (Maqamat) എന്ന ഇറാനിയന്‍ വാക്കില്‍നിന്നു വന...