ഒരു ഗ്രാമത്തിന്റെ പേരാണ് അദ്ദേഹത്തിന്. ശെമ്മങ്കുടി. ആ വിളിപ്പേര് ഇഷ്ടമായിരുന്നു. ആസ്വാദകരെ പാടി അത്ഭുതപ്പെടുത്തുകയും രസിപ്പിക്കുകയുമായിരുന്നു ശെമ്മങ്കുടി ആര്‍. ശ്രീനിവാസയ്യര്‍ (1908-2003) തന്റെ ദീര്‍ഘായസ്സ് മുഴുവന്‍. അതിനിടയില്‍ കാലത്തിന്റെ വിസ്മൃതിയിലേയ്ക്ക് പാടി മറഞ്ഞ നിരവധി കൃതികള്‍ക്ക് സ്വരശില്‍പ്പാകാരം നല്‍കി നവീന സംഗീതകൃതികളാക്കി. സ്വാതിതിരുനാള്‍, ജയദേവ, നാരായണതീര്‍ത്ഥ, സദാശിവ ബ്രഹ്മേന്ദ്ര, സുബ്രഹ്മണ്യഭാരതി എന്നിവരുടെ കൃതികളില്‍ പലതും നാം ഇന്ന് കേള്‍ക്കുന്നത് അദ്ദേഹം ഇട്ട ഈണത്തിലാണ്. ഗ്രാമത്തില്‍ ഉത്സവകാലത്ത് പുലര്‍ച്ചവരെ നാഗസ്വര കച്ചേരികള്‍ ഉണ്ടാവും. നാഗസ്വരം കേട്ട് മതിവരാതെ കേട്ടതെല്ലാം മൂളി നടന്ന കുട്ടിക്കാലം. പില്‍ക്കാലത്ത് ഒരു പ്രഗത്ഭനായ ഗായകനായി മാറിയപ്പോഴും ശൈലിയില്‍ നാഗസ്വരഛായയുടെ വിദൂര മര്‍മ്മരങ്ങള്‍ കേള്‍ക്കാം. ശെമ്മങ്കുടി സന്തോഷത്തോടെ ഓര്‍ത്തിരുന്ന പാട്ടുകാരിലൊരാളായിരുന്നു മധുരൈ പുഷ്പവനം. ഓര്‍മ്മകളില്‍: 'അദ്ദേഹം സുന്ദരനായിരുന്നു. പാട്ടും സൗന്ദര്യം നിറഞ്ഞത്. ശബ്ദമാധുര്യം അത്യ...