സ്വാതന്ത്ര്യത്തിലേയ്ക്ക് വാതില്‍ തുറക്കപ്പെടുന്ന മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് സഞ്ചാരം. സംഗീതവും കൂടെ പോരുന്നെങ്കില്‍ പിന്നെ ഒന്നിനും അതിരുകളില്ല. സംഗീതവും സഞ്ചാരവും ചേരുമ്പോഴുണ്ടാകുന്ന ലഹരി, ഒരു പക്ഷെ, പറഞ്ഞറിയിക്കാനാവില്ല. കേരളത്തിലെ സ്വാതന്ത്ര്യപ്രേമികള്‍ സഞ്ചാരികളായ ഗായകരെ കേട്ടറിഞ്ഞെങ്കിലും മനസ്സില്‍ കുടിയിരുത്തിയിട്ടുണ്ട്. സഞ്ചരിക്കുന്ന ഗായകരുടെ അര്‍പ്പണബോധം സ്വന്തം ജീവിതത്തെ ഒരു ഗാനമായി പരിണമിപ്പിക്കുന്നതായി കാണാം. പാടിക്കൊണ്ടിരിക്കെ പാട്ടവസാനിക്കുന്നതുപോലെ ജീവിച്ചു തീരുന്നവരാണ് അവര്‍. പൂനയ്ക്കടുത്തുള്ള പാണ്ടുരംഗ ക്ഷേത്രത്തിന്റെ റിക്കോര്‍ഡുകളില്‍ പരമഹംസ ഗോവിന്ദദാസ പാടിക്കൊണ്ടിരിക്കെ മരിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അവധുതഗായകനായ അദ്ദേഹം കേരളത്തിലെ ഷഡ്കാല ഗോവിന്ദമാരായിരുന്നു (1798 - 1843). ചരിത്രത്തിന്റെ ചില രേഖകളെ ലോലമായി സ്പര്‍ശിച്ചുപോകുന്ന കഥകളിലാണ് ഗോവിന്ദമാരാരുടെ ജീവിതചിത്രം കിടക്കുന്നത്. രാമമംഗലത്തുകാരനായ ഗോവിന്ദമാരാരെ കുറിച്ച് സഞ്ചരിച്ചുകൊണ്ടിരുന്ന ഗായകനായാണ് ചരിത്രവും കഥകളും രേഖപ്പെടുത്തിയിട്ടുള്ളത്. കര്‍ണ...