(സംഗീത നാടക അക്കാദമിയുടെ പുരസ്ക്കാരത്തിന് അര്‍ഹയായ വയലിന്‍ വാദക ടി. എച്ച്. ലളിതെയെക്കുറിച്ച്.) രാഗങ്ങളുടെ മര്‍മ്മങ്ങളില്‍ വിരല്‍തൊട്ട് സ്ഫുടം ചെയ്ത നാദങ്ങളെക്കൊണ്ട് ഈണ ചിത്രങ്ങള്‍ വരയ്ക്കു വയലിന്‍ വാദന ശൈലി ടി. എച്ച്. ലളിത കര്‍ണ്ണാടക സംഗീതത്തിന് നല്‍കിയ സംഭാവനയാണ്. തൃപ്പൂണിത്തുറക്കാരിയാണ് ലളിത. വയലിനിസ്റ്റുകളുടെ നാടാണ് തൃപ്പൂണിത്തുറ. ടി. എന്‍. കൃഷ്ണന്‍, എല്‍. സുബ്രഹ്മണ്യം, തുടങ്ങിയ ലോക പ്രശസ്ത വയലിനിസ്റ്റുകള്‍. കൂടാതെ ലളിതയുടെ ചെറിയച്ചന്റെ മക്കള്‍ ഗണേഷ് കുമരേഷ് സഹോദരന്മാര്‍, സഹോദരന്‍ ടി. എച്ച്. സുബ്രഹ്മണ്യന്‍, സഹോദരി ടി. എച്ച്. വസന്ത. അച്ഛന്‍ എസ് ഹരിഹരയ്യരില്‍നിന്നാണ് ലളിതയും ടി. എച്ച്. സുബ്രഹ്മണ്യനും ടി. എച്ച്. വസന്തയും വയലിന്‍ അഭ്യസിച്ചത്. ഇവര്‍ക്ക് അച്ഛന്‍ മാത്രമാണ് ഗുരു. ബാക്കിയെല്ലാം അവര്‍ സ്വന്തമായി അഭ്യസിച്ചെടുത്തതാണ്. ലളിത വയലിന്‍ പഠിക്കാന്‍ തുടങ്ങുന്നത് യാദൃശ്ചികമായാണ്. നാല് വയസ്സുള്ളപ്പോള്‍ വാശിപിടിച്ച് ഒരു കളിപ്പാട്ടം വാങ്ങിയ്ക്കാന്‍ അച്ഛനോടൊപ്പം ടൗണില്‍ പോയതായിരുന്നു. പക്ഷെ മനസ്സില്‍ കണ്ട കാര്‍ കടയില്‍ ഇല്ലായിരുന്നു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു അവിടെയുള്ള ഒരു ബേബി വയലിന്‍ വാങ്ങ...