Skip to main content

Posts

Showing posts from December, 2010

ഉള്‍മഴ

മഴ, മറവി പെയ്യുന്നപോലെ. മഴയില്‍ കുത്തിയൊലിച്ചത് ഓര്‍മ്മകളുടെ ബാക്കിയിരിപ്പായിരുന്നു; മേല്‍വിലാസമില്ലാത്ത തപാലുകള്‍പോലെ സന്ദര്‍ശിക്കപ്പെടാത്ത ഓര്‍മ്മകള്‍ മഴയ്ക്കു മുന്‍പായിരുന്നു അവസാന സൗഹൃദക്കൂട്ടം. പിരിയുമ്പോള്‍ പറഞ്ഞു 'മഴ കഴിയട്ടെ വീണ്ടും കാണാം...' മഴയില്‍ മതിഭ്രമവും മതിഭ്രമത്തില്‍ മഴയും ആരാദ്യം എന്ന ചോദ്യത്തെ വലം ചുറ്റി. നുറായിരം സ്ഫടികനൂലുകളെ മഴയുടെ ജലസൂചികള്‍ കോര്‍ക്കുമ്പോള്‍ മഴയുടെ ജലക്കുഴലിനകത്തൊരു പ്യൂപ്പകെട്ടി ഞാനുമവളും മരണത്തിലേയ്ക്കുള്ള ഒറ്റയടിപ്പാതയടച്ചു. . പ്യൂപ്പയില്‍ മരണമില്ല. പ്യൂപ്പയുടെ അന്ത്യം ജനനമാണ്, സ്വയം കബളിപ്പിക്കാവുന്ന കമ്പിളിപ്പുതപ്പ്. -മുകുന്ദനുണ്ണി- (ഭാഷാപോഷിണി. പുസ്തകം 34. ലക്കം 6. നവംബര്‍ 2010. പേജ് 57.)