Skip to main content

Posts

Showing posts from April, 2009

ഇനി വാതില്‍ തുറക്കാം

കറിയ്‌ക്ക്‌ നുറുക്കാന്‍ ഒരു കാരറ്റ്‌ മൂക്ക്‌, ഉള്ളി ഉരിഞ്ഞുരിഞ്ഞില്ലാതായി ഇല്ലാത്ത ആത്മാവുപോലെ. വെള്ളുള്ളിപ്പല്ലുകള്‍ - അവള്‍ അവനെ നുറുക്കി നുറുക്കി... ഇല്ലാതായ ആത്മാവുപോലെ ഉരിഞ്ഞില്ലാതായ ഉള്ളികള്‍ കണ്ണീര്‍ കുടങ്ങള്‍ നിറച്ചു. തുടുത്ത തക്കാളിയില്‍ ശില്‌പിയെപ്പോലെ അവള്‍ നുണക്കുഴി കുഴിച്ചു. ഇളവനരിയുമ്പോള്‍ തലയ്‌ക്കകത്തെ രഹസ്യത്തെ താലോലിച്ചുറക്കി, കേബേജിന്റെ വീതുളി ചെത്തി മിനുക്കി. അടുക്കളയിലൊറ്റയ്‌ക്ക്‌ പാതകം രസിക്കുമ്പോള്‍ ആരോ അടുക്കള വാതില്‍ മുട്ടിയോ?! അടുക്കള രഹസ്യങ്ങള്‍ അടുപ്പില്‍ വെന്തുകഴിഞ്ഞിരുന്നു. ഇനി വാതില്‍ തുറക്കാം. -മുകുന്ദനുണ്ണി- (മാതൃഭൂമി വാര്‍ഷിക പതിപ്പ്‌ 2008-2009, പേജ്‌ 103)