ഈണപാര്‍ശ്വം ഓരം ചേര്‍ന്ന് സിനിമാഗാനങ്ങള്‍ എപ്പോഴുമുണ്ട്. പുലര്‍ച്ചയ്‌ക്ക് അയല്‍വീട്ടില്‍നിന്ന് പാല്‍ തിളപ്പിക്കുന്ന കുക്കറിന്റെ വിസിലിനൊപ്പം എന്നും കേള്‍ക്കാം 'കാട്ടിലെ മൈനയെ പാട്ടുപടിപ്പിച്ചതാരോ.' സിനിമാ സുപ്രഭാതം. അല്‌പം പിശുക്കുള്ളതുകൊണ്ടാണ് ഒരേ പാട്ട്. പിശുക്ക് കുറഞ്ഞ ഗൃഹസ്ഥാശ്രമ ഭവനങ്ങളിലൊക്കെ ഏറ്റവും പുതിയ ഹിറ്റ് ഗാനങ്ങളിലായിരിക്കും. അതിന്റെ ബീറ്റുകള്‍ക്ക് സമതാളപ്പെടുത്തിക്കൊണ്ടാണ് ദിനചര്യകള്‍. ധൃതിപിടിച്ച പുറപ്പാടിലുടനീളം ധൃതിപിടിച്ച ഗാനങ്ങള്‍. ഉടുത്തൊരുങ്ങി ജോലിസ്ഥലത്തേയ്‌ക്ക് ബൈക്കില്‍ കുതിക്കുന്നവര്‍ ഹെല്‍മെറ്റിനുള്ളില്‍വെച്ച് ഒരു പുതിയ പാട്ട് മൂളുന്നുണ്ടാവും. ഇവരുടെ കുട്ടികളൊക്കെ വൈകുന്നേരം ശാസ്‌ത്രീയ സംഗീതം പഠിക്കുന്നുണ്ട്. പലരും ബാലപ്രതിഭകളാണ്. നന്നായി പാടും. കോളേജ് വിദ്യാര്‍ഥികള്‍ കൂട്ടമായി സംഗീതം പഠിക്കുന്നത് പാട്ട് ഇന്‍സ്റ്റിറ്റിയൂട്ടുകളിലാണ്. ഒരാള്‍ തമാശയായി പറഞ്ഞതുപോലെ 'പാട്ടാസ്‌പത്രി.' പക്ഷെ, അയാള്‍ ശരിക്കും അമ്പരന്നു പറഞ്ഞതാണ്. കാരണം അയാളുടെ നാട്ടില്‍ 'പാട്ടാസ്‌പത്രികള്‍' കൂണ്‍പോലെ മുളച്ചിരിക്കുന്നു. പാട്ടാസ്‌പ...